സെപ്റ്റംബറിന്റെ പ്രാരംഭത്തിൽ ഘോഡാമാര ദ്വീപിൽ വന്നു കിടക്കുന്ന കടത്തുവള്ളത്തിൽ തിരക്ക് കൂടുന്നു. വേലിയേറ്റ സമയത്തു ബന്ധുക്കളുടെ വീടുകളിലും മറ്റിടങ്ങളിലുമായി അഭയം പ്രാപിച്ചവർ വെള്ളമിറങ്ങിയപ്പോൾ തിരിച്ചു ദ്വീപിലെ സ്വന്തം വീടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. മാസത്തിൽ കുറഞ്ഞത് രണ്ടു തവണ എന്ന വിധം, കടത്തുതോണി കാകദ്വീപിൽ നിന്നും സുന്ദർബൻ ഡെൽറ്റയിലെ ദ്വീപിലേക്ക് 40 മിനുട്ട് എടുത്ത് യാത്രക്കാരെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടുന്നു. എന്നിരുന്നാലും ഈ ദിനചര്യ, ഘോഡാമാര നിവാസികളുടെ - പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലുള്ള അവരുടെ ഈ കുഞ്ഞു ദ്വീപിൽ - അതിജീവിക്കാനുള്ള നീണ്ട പോരാട്ടത്തെ കൂടുതൽ കഠിനമാക്കുന്നു.
ഇടക്കിടെയുള്ള ചുഴലിക്കാറ്റുകളും, കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന കടൽനിരപ്പും കനത്ത മഴയും, ഘോഡാമാരയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു . ദശകങ്ങളായുള്ള വെള്ളപ്പൊക്കവും മണ്ണൊലിപ്പും അവരുടെ ഒറ്റപ്പെട്ട സ്വദേശത്തെ ഹൂഗ്ലി അഴിമുഖത്തിലൂടെ ഒഴുകുന്ന ഒരു കഷണം ഭൂമിയാക്കി മാറ്റിയിരിക്കുന്നു.
യാസ് ചുഴലിക്കാറ്റ് മേയിൽ കരയ്ക്കണഞ്ഞതിനെ തുടര്‍ന്ന് സുന്ദർബനിലെ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ സാഗർ ബ്ലോക്കിലെ ഘോഡാമാരയും ഉള്‍പ്പെട്ടിരുന്നു. മേയ് 26-ന് വേലിയേറ്റത്തോടെ എത്തിയ ചുഴലിക്കാറ്റ് ദ്വീപിന്റെ തടത്തെ പിളർന്ന് 15-20 മിനുറ്റുകൾക്കകം എല്ലാം വെള്ളത്തിലാഴ്ത്തി. മുൻപ്, ഉംപുന്‍ (2020) , ബുൾബുൾ (2019) ചുഴലിക്കാറ്റുകളുടെ ആഘാതം സഹിച്ച ദ്വീപ് നിവാസികൾക്ക് വീണ്ടും വിനാശം നേരിടേണ്ടി വന്നു. അവരുടെ വീടുകൾ നിലംപരിശായി, നെല്ലിന്റെയും അടയ്ക്കയുടെയും സംഭരണശാലകളും, സൂര്യകാന്തിപ്പാടങ്ങളും വെള്ളത്തിൽ ഒലിച്ചു പോയി.
അബ്ദുൽ റൗഫിന്റെ ഖാസിമാര ഘാട്ടിനടുത്തുള്ള വീട് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നശിച്ചിരുന്നു. “ആ മൂന്നു ദിവസങ്ങളിൽ ഞങ്ങൾക്ക് ആഹാരമൊന്നുമുണ്ടായിരുന്നില്ല. മഴവെള്ളത്തിലാണ് ജീവൻ നിലനിർത്തിയത്. പ്ലാസ്റ്റിക്ക് ഷീറ്റ് വെച്ച് കൂര കെട്ടിയാണ് കഴിഞ്ഞത്”, 90 കിലോമീറ്റർ അകലെ കോല്‍ക്കത്തയിൽ തയ്യൽക്കാരനായി പണി നോക്കുന്ന റൗഫ് പറഞ്ഞു. അയാളും ഭാര്യയും രോഗബാധിതരായപ്പോൾ, “എല്ലാവരും ഞങ്ങൾക്ക് കോവിഡ് ആണെന്ന് കരുതി”, അയാൾ പറഞ്ഞു. “കുറേ പേർ ഗ്രാമം വിട്ടു”, റൗഫ് കൂട്ടിച്ചേർത്തു. “ഞങ്ങൾ അവിടെ കിടന്നു, സുരക്ഷിതമായൊരിടത്തേക്ക് മാറാനാകാതെ”. ബ്ലോക്ക് വികസന ഉദ്യോഗസ്ഥനെ വിവരമറിയിച്ചപ്പോഴാണ് റൗഫിനും ഭാര്യക്കും വൈദ്യസഹായം ലഭിച്ചത്. “ബി.ഡി.ഒ. ഞങ്ങളോട് എങ്ങനെയെങ്കിലും കാകദ്വീപിലേക്കെത്താൻ ആവശ്യപ്പെട്ടു. അവിടെ നിന്നും അദ്ദേഹം ഒരു ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു. ഏകദേശം 22,000 രൂപ ഞങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നു (വൈദ്യരക്ഷയ്ക്ക്).” അന്ന് തൊട്ട് റൗഫും കുടുംബവും ദ്വീപിൽ ഒരു ഷെൽറ്ററിലാണ് കഴിയുന്നത്.
വീട് നഷ്ടപ്പെട്ട പലരും താത്കാലിക ഷെൽറ്ററുകളിലേക്ക് മാറി. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലമായ മന്ദിർത്തല ബാസാറിലെ ടാങ്ക് ഗ്രൗണ്ടിലെ ഷെൽറ്ററിലാണ് മന്ദിർത്തല ഗ്രാമവാസികളെ പാർപ്പിച്ചിരിക്കുന്നത്. ചിലർ അടുത്തായുള്ള ഇടുങ്ങിയ വഴിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ദ്വീപിലെ ഹാട്ഖോല, ചുൻപുരി, ഖാസിമാര എന്നീ പ്രദേശങ്ങളിൽ നിന്നും 30 കുടുംബങ്ങളെ ഘോഡാമാരയ്ക്ക് തെക്കുള്ള സാഗർ ദ്വീപിൽ താൽക്കാലികമായി പാർപ്പിച്ചിട്ടുണ്ട്. അവർക്ക് അവിടെ പുനരധിവസിക്കുന്നതിനായി ഭൂമി അനുവദിച്ചു കൊടുത്തിരിക്കുകയാണ്.

റേസാഉൾ ഖാന്റെ ഖാസിമാരയിലെ വീട് യാസ് ചുഴലിക്കാറ്റിൽ നശിച്ചു . അയാളും കുടുംബവും സാഗർ ദ്വീപിൽ പുനരധിവസിപ്പിക്കപ്പെട്ടു
റേസാഉൾ ഖാന്റെ കുടുംബം അവയിലൊന്നാണ്. അയാളുടെ ഖാസിമാരയിലെ വീട് നശിച്ചു കഴിഞ്ഞു. “എനിക്ക് ഈ ദ്വീപ് വിടേണ്ടതായി വരും, പക്ഷേ എന്തിന് ഞാൻ?” ചുഴലിക്കാറ്റിൽ നശിച്ച ഒരു പള്ളിയുടെ ഇരുണ്ട മച്ചിലിരുന്നുകൊണ്ട് കോളുള്ള ഒരു ദിവസം അയാൾ എന്നോട് ചോദിച്ചു. “എങ്ങനെ എനിക്കെന്റെ ബാല്യകാല സുഹൃത്ത് ഗണേഷ് പരുവയെ വിട്ട് പോകാനാകും? ഇന്നലെ അവന്റെ തോട്ടത്തിലെ കൈപ്പയ്ക്കയാണ് എന്റെ വീട്ടിൽ അത്താഴത്തിന് പാകം ചെയ്തിരുന്നത്”,അയാൾ പറഞ്ഞു.
നാശനഷ്ടത്തിൽ നിന്നും ഗ്രാമവാസികൾ കരകയറും മുൻപേ, യാസ് വീണ്ടുംകൊണ്ടുവന്ന വേലിത്തിരകൾ ഘോഡാമാരയെ ജൂണിൽ പ്രളയത്തിലാഴ്ത്തി, പിന്നാലെ മൺസൂൺ പേമാരിയും. ഈ സംഭവങ്ങളുടെ ദുരിതഫലങ്ങളിൽ പരിഭ്രമിച്ച് സംസ്ഥാന സർക്കാർ ജീവനാശം തടയാനായി പ്രദേശവാസികളെ പുനരധിവസിപ്പിക്കാൻ തുടങ്ങി .
“ആ ദിവസങ്ങളിൽ (ചുഴലിക്കാറ്റിനു ശേഷം) എന്റെ കടയിൽ ഉപ്പും എണ്ണയുമൊഴിച്ച് ഒന്നുമുണ്ടായിരുന്നില്ല”, മന്ദിർത്തലയിലെ ഒരു പലചരക്ക് കടയുടെ ഉടമസ്ഥൻ അമിത് ഹൽദർ പറഞ്ഞു. “എല്ലാം വേലിത്തിരമാലകളിൽ മുങ്ങിപ്പോയി. ഞങ്ങളുടെ മുതിർന്നവരാരും ഈ ദ്വീപിൽ ഇത്രയും ഭീകരമായ തിരമാലകൾ മുൻപ് കണ്ടിട്ടില്ല. അവ അത്രയും ഉയരമുള്ളവയായിരുന്നു, കാരണം ഞങ്ങൾ മിക്കവർക്കും മരങ്ങളിൽ കയറേണ്ടി വന്നു രക്ഷപ്പെടാൻ. ചില സ്ത്രീകളെ ഒഴുകി പോകാതിരിക്കാനായി ഉയർന്ന പ്രദേശങ്ങളിലെ (ദ്വീപിൽ) മരങ്ങളിൽ കെട്ടിയിട്ടു. അവരുടെ കഴുത്തോളം വെള്ളമുണ്ടായിരുന്നു,” ഹൽദർ കൂട്ടിച്ചേർത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു, “ഞങ്ങളുടെ കന്നുകാലികൾ മിക്കതിനെയും രക്ഷിക്കാനായില്ല.”
സുന്ദർബനിലെ കാലാവസ്ഥാ വ്യതിയാനപ്രശ്നത്തെ പറ്റിയുള്ള 2014-ലെ ഒരു പഠനത്തിൽ പറയുന്നത് ഉയരുന്ന കടൽനിരപ്പും വെള്ളത്തിന്റെ സങ്കീർണമായ ചലനാത്മകതയുമാണ് കടലെടുപ്പിന് കാരണം എന്നാണ്. ദ്വീപിന്റെ ഭൂവിസ്തൃതി 1975 മുതൽ 2012 വരെയുള്ള കാലയളവിൽ 8.51 ചതുരശ്ര കിലോ മീറ്ററിൽ നിന്നും 4.43 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ആവർത്തിച്ചുള്ള സ്ഥലംമാറ്റങ്ങളും ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയും ദ്വീപിൽ നിന്നും അന്യദേശത്തെക്കുള്ള പലായനങ്ങളുടെ നിരക്ക് വർധിപ്പിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കുടിയിറക്കം മൂലം ഘോഡാമാരയിലെ ജനസംഖ്യ 2001-നും 2011-നും ഇടയ്ക്ക് 5,236-ൽ നിന്നും 5,193 ആയി കുറഞ്ഞതായി ലേഖകർ രേഖപ്പെടുത്തുന്നു.
ദൗർഭാഗ്യങ്ങളെ വകവെക്കാതെ ഘോഡാമാരയിലെ ജനങ്ങൾ പരസ്പര പിന്തുണയോടെ ഒരുമിച്ചു നിൽക്കുന്നു. സെപ്റ്റംബറിലെ ആ ദിവസം ഹാട്ഖോലയിലെ ഷെൽറ്ററിൽ എല്ലാരും തന്നെ 6 മാസം പ്രായമെത്തിയ അവികിന്റെ അന്നപ്രാശന് (കുട്ടിക്ക് ആദ്യമായി ചോറുകൊടുക്കുന്ന ചടങ്ങ്) വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു. അവരുടെ ചുരുങ്ങുന്ന ഭൂമി ഈ പാരിസ്ഥിതിക അഭയാർഥികളെ ജീവിതത്തിന്റെ അനിശ്ചിതത്വവുമായി ഇണങ്ങി ചേരാൻ പഠിപ്പിച്ചിരിക്കുന്നു - അതിനാൽ ഒന്നുകിൽ അവർ വീട് പുനർനിർമിക്കും, അല്ലെങ്കിൽ പുതിയ അഭയ കേന്ദ്രം തേടിയിറങ്ങും.

വേലിയേറ്റത്തിനു ശേഷം ഘോഡാമാരവാസികൾ കാകദ്വീപില്‍ നിന്ന് ഒരു കടത്തുവള്ളത്തിൽ മടങ്ങുന്നു

ഈ വർഷം മെയ് 26-ന് വേലിയേറ്റത്തോടു കൂടെ വന്ന യാസ് ചുഴലിക്കാറ്റ് ദ്വീപിന്റെ തടം തകർത്ത് എല്ലാം വെള്ളത്തിനടിയിലാക്കി

ജീവിതം പുനസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിൽ പ്രളയബാധിത ദ്വീപിലെ ജനങ്ങൾ തുറന്ന ആകാശത്തിനു കീഴെ അതിജീവനം തേടുമ്പോള്‍

ഘോഡാമാര വിട്ട് സാഗർ ദ്വീപിലേക്ക് മാറിതാമസിക്കുന്നതിനു മുൻപ് ഖാസിമാരയിലെ തന്റെ വീടിനെ കുറിച്ചോർത്തെടുക്കുന്ന ഷെയ്ഖ് സനൂജ്

ഖാസിമാര ഘാട്ടിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന മനുഷ്യർ ; യാസ് ചുഴലിക്കാറ്റിൽ വീട് നഷ്ടപ്പെട്ടതിനു ശേഷം അവർ സഹായം സ്വീകരിച്ചുകൊണ്ടാണ് കഴിഞ്ഞു പോരുന്നത്

ഖാസിമാര ഘാട്ടിലേക്ക് വള്ളത്തിൽ എത്തുന്ന റേഷനും ഭക്ഷ്യധാന്യങ്ങളും

സ്ത്രീകളും കുട്ടികളും പുരുഷന്മാരും കന്നുകാലികളും വള്ളത്തിൽ നിന്നിറങ്ങുന്നു , എല്ലാവരും വീടണയാനുള്ള തിടുക്കത്തിലാണ്

ഘോഡാമാരയിലെ ഏറ്റവും ഉയർന്ന പ്രദേശമായ മന്ദിർത്തല ബാസാറിലെ ടാങ്ക് ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന താൽക്കാലിക ഷെൽട്ടറുകള്‍ . മൂന്നിലൊന്നോളം ഗ്രാമവാസികൾ ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നു

തകർന്ന വീടിനരികെ നിൽക്കുന്ന അമിത് ഹൽദർ . മന്ദിർത്തല ബാസാറിന് സമീപമുണ്ടായിരുന്ന അയാളുടെ പലചരക്കു കടയിലെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടു

ഖാസിമാര ഘാട്ടിനടുത്തുള്ള ഒരു വീടിന്റെ നനഞ്ഞ നിലം മണ്ണിട്ട് വാസയോഗ്യമാക്കുന്നു

ഹാട്ഖോലയിലെ താൽക്കാലിക കൂരയ്ക്ക് സമീപമിരുന്ന് വല നെയ്യുന്ന ഠാക്കുർദാസി ഖോരുയി . അവരെയും കുടുംബത്തെയും സർക്കാർ മാറ്റിപാർപ്പിക്കും

ഹാട്ഖോലയിലെ ക്യാംപിൽ നിൽക്കുന്ന കാകലി മണ്ഡൽ (ഓറഞ്ച് സാരി). സാഗർ ദ്വീപിലേക്ക് മാറാനുള്ള 30 കുടുംബങ്ങളിൽ ഒന്നാണ് അവരുടേത്

സാഗർ ദ്വീപിൽ തനിക്ക് പതിച്ചു നൽകിയ ഭൂമിയുടെ പ്രമാണം കാണിച്ചുകൊണ്ട് ഖാസിമാരയിലെ അബ്ദുൽ റൗഫ്

കുഞ്ഞ് അവിക്കും അമ്മയും സെപ്റ്റംബർ 9-ന് അന്നപ്രാശൻ ചടങ്ങിന് തൊട്ടു മുൻപ് ഹാട്ഖോല ഷെൽറ്ററിൽ . ക്യാമ്പിൽ മറ്റുള്ളവർ പാചകത്തിൽ സഹായിക്കുന്നു

മന്ദിർത്തല ബാസാറിനടുത്തുള്ള ടാങ്ക് ഗ്രൗണ്ട് ഷെൽറ്ററിൽ ഉച്ചഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ജനങ്ങളുടെ നീണ്ട നിര

ഖാസിമാര ഘാട്ടിലെ ദുരിതാശ്വാസ വഞ്ചിയിൽ നിന്നും ഭക്ഷണസഞ്ചികൾ സ്വീകരിക്കാനായി മഴയത്ത് കൂടിനിൽക്കുന്ന മനുഷ്യർ

ഖാസിമാര ഘാട്ടിൽ ഒരു സന്നദ്ധ സംഘടന വഴി വിതരണം ചെയ്യുന്ന സാരികൾ ശേഖരിക്കുന്ന സ്ത്രീകൾ

ആഴ്ചയിലൊരിക്കൽ ഒരു വൈദ്യസംഘം കൽക്കട്ടയിൽ നിന്നും മന്ദിർത്തലയ്ക്കടുത്തുള്ള ഘോഡാമാരയിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തും . മറ്റു സമയങ്ങളിൽ ജനങ്ങൾ വൈദ്യസഹായത്തിനായി ആശാ പ്രവർത്തകരെ ആശ്രയിക്കുന്നു

സെപ്തംബർ 9-ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് കുത്തിവെപ്പ്. ഘോഡാമാരയിൽ സംഘടിപ്പിക്കുന്ന 17-ാ മത്തെ ക്യാമ്പ് ആയിരുന്നു അത്

ഘോഡാമാരയിലെ മഡ് പോയിന്റ് പോസ്റ്റ് ഓഫീസിലെ (ബ്രിട്ടീഷുകാർ നൽകിയ നാമം) പോസ്റ്റ് മാസ്റ്റർ ജോലിസ്ഥലത്തെത്തുന്നതിനായി നിത്യവും ബാറൂയിപൂരിൽ നിന്ന് 75 കിലോമീറ്റർ യാത്ര ചെയ്യുന്നു. ഉയർന്ന ഈർപ്പം കാരണം നനഞ്ഞു കുതിരുന്ന കടലാസുകൾ ഉണങ്ങാൻ വെച്ചിരിക്കുകയാണ്

അഹല്യ ശിശു ശിക്ഷ കേന്ദ്രയില്‍ കട്ടിലിട്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു ക്ലാസ് മുറി ഇപ്പോൾ പച്ചക്കറി സംഭരണമുറിയായി ഉപയോഗിക്കുകയുമാണ് . കോവിഡ് 19 മൂലം മന്ദിർത്തലയിലെ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്

ഖാസിമാരയിൽ റേഷൻ കടക്കു പുറകിൽ ഉപ്പുവെള്ളത്തിൽ നശിച്ച വെറ്റില തോട്ടത്തിൽ ഉണക്കാനായി വെച്ചിരിക്കുന്ന അരിച്ചാക്കുകളും ഗോതമ്പുചാക്കുകളും . കേടാകുന്ന വിളകളുടെ ഗന്ധം അവിടെയെങ്ങുമുണ്ട്

ചുഴലിക്കാറ്റിൽ കടപുഴകിയ മരത്തിന്റെ അവശിഷ്ടങ്ങൾ സംഭരിക്കുന്ന ഖാസിമാര ഘാട്ടിനു സമീപത്തെ ഗ്രാമീണർ

ചുൻപുരി നിവാസികൾ മൽസ്യത്തിനായി വലയെറിയുന്നു . ഘോഡാമാരയിൽ അതിജീവനത്തിനായുള്ള പോരാട്ടം തുടരുകയാണ്
പരിഭാഷ: അഭിരാമി ലക്ഷ്മി