“ഓ, നിങ്ങൾ കോൽക്കത്തയിൽ നിന്നാണോ?", അയാൾ എന്നെനോക്കി ചോദിച്ചു. അയാളുടെ കണ്ണുകൾ തിളങ്ങിയിരുന്നു. "ഞാൻ കോൽക്കത്തയിലും ഹൗറയിലും പോയിട്ടുണ്ട്. ഒരുപാടു തവണ. എല്ലായ്പ്പോഴും ജോലി തേടി. ചിലപ്പോൾ ഭാഗ്യമുണ്ടായിരുന്നു, ചിലപ്പോൾ ഇല്ലായിരുന്നു. അവസാനം ഞാനിവിടെത്തി.”
‘ഇവിടെ’ എന്നു പറയുന്നത് സമുദ്രനിരപ്പിൽനിന്നും 10,000 അടിക്കു മുകളിൽ ലഡാക്കിലാണ്. രാജു മുര്‍മു ഝാര്‍ഖണ്ഡിലെ തന്റെ വീട്ടില്‍നിന്നും ഏതാണ്ട് 2,500 കിലോമീറ്റര്‍ അകലെ, തന്റെ കൂടാരത്തിനു പുറത്ത് ഈ ഹിമാലയന്‍ മരുഭൂമിയില്‍ സന്ധ്യയായി ഊഷ്മാവ് കുത്തനെ കുറയുമ്പോള്‍, പരിചിതവും ശബ്ദമുഖരിതവുമായ ഒരു നഗരത്തിന്റെ ഓര്‍മ്മകളില്‍നിന്നും ഉന്മേഷം ഉൾക്കൊള്ളുന്നു. വൈദ്യതി ഇല്ലാത്തതിനാല്‍ രാജുവിന്റെയും സഹ കുടിയേറ്റ തൊഴിലാളികളുടെയും കൂടാരങ്ങളിൽ പെട്ടെന്ന് ഇരുള് മൂടുന്നു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റോഡുകളില്‍ ചിലത് നിര്‍മ്മിക്കുന്നതിനായി 31-കാരനായ രാജു, മറ്റു പല തൊഴിലാളികളെയും പോലെ, ഝാർഖണ്ഡിലെ ദുംക ജില്ലയിലെ ബാബുപൂര്‍ ഗ്രാമത്തില്‍ നിന്നും സ്ഥിരമായി ലഡാക്കിലേക്ക് വരുന്നു. “ഇതെന്റെ നാലാമത്തെ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷവും ഞാന്‍ വന്നു. എന്തു ചെയ്യാന്‍? എന്റെ ഗ്രാമത്തില്‍ ജോലിയില്ല”, രാജു പറഞ്ഞു റോഡ് പണിയുന്ന സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ മാറി ഒരുചെറിയ കൂടാരത്തിലാണ് രാജുവും തന്റെ സംസ്ഥാനത്തു നിന്നുള്ള മറ്റുള്ള 9 പേരും താമസിക്കുന്നത്. സമുദ്ര നിരപ്പില്‍നിന്നും 17,582 അടി ഉയരത്തിള്ള ഖാര്‍ദുംഗ് ലായിക്കും (ഖാര്ദോംഗ് ഗ്രാമത്തിനു സമീപം) 10,000 അടി ഉയരത്തിലുള്ള നുബ്രു താഴ്വരയ്ക്കും ഇടയില്‍ ഒരു പാത നിര്‍മ്മിക്കുകയാണ് അവര്‍.
വിദൂരതയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ലഡാക്ക് അതിര്‍ത്തി കടന്നുള്ള വ്യാപാരങ്ങൾ, മതത്തിന്റെയും സംസ്കാരത്തിന്റെയും കൊടുക്കല്‍ വാങ്ങലുകൾ എന്നിവ നിമിത്തം ചരിത്രപരമായി നിര്‍ണ്ണായകമായ പ്രദേശമാണ്. ഈ പ്രദേശം വളരെവേഗം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ലഡാക്കിന്റെ ഭരണപരമായ പുതിയ പദവി സ്വകാര്യ നിര്‍മ്മാതാക്കളുടെ പ്രദേശത്തേക്കുള്ള കടന്നുവരവ് സാദ്ധ്യമാക്കിയിരിക്കുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും കേന്ദ്രഭരണ പ്രദേശ ഭരണവും വാണിജ്യ, സൈനിക പ്രാധാന്യമുള്ള പ്രദേശങ്ങളിലെ അടിസ്ഥാന വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നു. ഇത് ലഡാക്കിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നു.
റോഡിന്റെ ഓരങ്ങളില്‍ 11 x 8.5 അടിയിലധികം വലിപ്പമില്ലാത്ത കൂടാരങ്ങളില്‍ നിങ്ങള്‍ക്കവരെ കാണാം - ചിലപ്പോള്‍ കുടുംബങ്ങളോടൊപ്പം. നവീകരിക്കപ്പെട്ട ഈ ക്യാമ്പുകള്‍ റോഡ്പണി പുരോഗമിക്കുന്നതനുസരിച്ച് മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. തിങ്ങിനിറഞ്ഞ, നിറയെ ബാഗുകളും മറ്റു സാധനങ്ങളും പാത്രങ്ങളുമുള്ള, ഓരോ കൂടാരവും പത്തോളം ആളുകളുടെ അഭയമായി പ്രവര്‍ത്തിക്കുന്നു. തണുത്ത പ്രതലത്തില്‍ വെറും വിരിപ്പിലാണ് അവര്‍ ഉറങ്ങുന്നത്. വൈദ്യുതിയില്ലാതെ, കടുത്ത തണുപ്പിനോട് മല്ലിട്ട്, പലപ്പോഴും പൂജ്യത്തിനുതാഴെ ഊഷ്മാവില്‍, സുരക്ഷാമാര്ഗ്ഗങ്ങളൊന്നുമില്ലാതെ അവര്‍ ജീവിക്കുന്നു. കടുത്ത കാലാവസ്ഥ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വർദ്ധിച്ചുവരുന്ന ചിലവ്, ഗുണമേന്മയുള്ള യന്ത്രോപകരണങ്ങളുടെ അഭാവം എന്നിവ, വലിയ ഭാരം യന്ത്രസഹായമില്ലാതെ ഉയർത്തുകയും ചുമക്കുകയും ചെയ്തുകൊണ്ട് റോഡുകൾ നിർമ്മിക്കുന്നതിനും പുനർനർമ്മിക്കുന്നതിനും തൊഴിലാളികളെ നിർബന്ധിതരാക്കുന്നു. ഇതെല്ലാം നടക്കുന്നത് സമുദ്രനിരപ്പിൽനിന്നും വളരെ ഉയർന്ന സ്ഥലത്താണ്. അവിടെ ഓക്സിജൻ നില കുറവാണ്. കഠിനമായ ജോലിക്കു ലഭിക്കുന്ന പ്രതിഫലം ഒരു കുടുംബത്തെ നിലനിർത്താൻ അപര്യാപ്തവുമാണ്.

ഖാർദുംഗ് ലാ പാസിനടുത്ത് ത്സാർഖണ്ഡിൽ നിന്നുള്ള ഒരു തൊഴിലാളി കല്ല് ചുമക്കുന്നു.കടുത്ത കാലാവസ്ഥ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വർദ്ധിച്ചുവരുന്ന ചിലവ്, ഗുണമേന്മയുള്ള യന്ത്രോപകരണങ്ങളുടെ അഭാവം എന്നിവ വലിയ ഭാരം യന്ത്രസഹായമില്ലാതെ ഉയർത്തുകയും ചുമക്കുകയും ചെയ്തുകൊണ്ട് റോഡുകൾ നിർമ്മിക്കുന്നതിനും പുനർനർമ്മിക്കുന്നതിനും തൊഴിലാളികളെ നിർബന്ധിതരാക്കുന്നു
"കഷ്ടിച്ച് 22,000 മുതൽ 25,000 രൂപവരെ തിരികെ പോകാറാകുമ്പോഴേക്കും 5-6 മാസങ്ങൾ കൊണ്ട് എനിക്ക് സമ്പാദിക്കാൻ കഴിയും. അത് ഒരു ആറംഗ കുടുംബത്തിന് ഒന്നുമല്ല. 40-കളുടെ മദ്ധ്യത്തിലുള്ള അമീർ മുർമു പറഞ്ഞു. ദുംകയിൽ നിന്നുമാണ് അദ്ദേഹം വന്നിട്ടുള്ളത്. അദ്ദേഹത്തെപ്പോലുള്ള തൊഴിലാളികളുടെ ദിവസ വേതനം, ലഭിക്കുന്ന തൊഴിലുകളുടെ സ്വഭാവമനുസരിച്ച്, 450 മുതൽ 700 രൂപ വരെയാണ്. ഖാർദുംഗ് ലായിലെ വടക്കൻ പുല്ലുവിലെ തന്റെ ക്യാമ്പിൽ വച്ച് ഞങ്ങളോട് സംസാരിച്ചപ്പോൾ 14-ഉം 10-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അച്ഛനായ ഇദ്ദേഹം മഹാമാരിമൂലം അവരുടെ വിദ്യാഭ്യാസം നിലച്ചതിൽ ദുഃഖിതനായിരുന്നു. സ്ക്കൂളുകൾ ഓൺലൈനായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് സ്മാർട്ഫോൺ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന് പണമില്ലായിരുന്നു. "എന്റെ പ്രദേശത്ത് ഭൂരിപക്ഷം കുടുംബത്തിനും ഫോൺ വാങ്ങാൻ കഴിഞ്ഞില്ല. എന്റെ മൂത്ത മകൻ പഠനം നിർത്തി. കുറച്ച് അധികം പണം കരുതി വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇളയവന് ഒരു ഫോൺ വാങ്ങിക്കൊടുക്കാൻ എനിക്കു പറ്റുമായിരുന്നു. പക്ഷെ മാസംതോറുമുള്ള ഇന്റർനെറ്റ് ചിലവ് ആരു വഹിക്കും?", അദ്ദേഹം ചോദിച്ചു.
അമീന്റെ ക്യാമ്പിന് തൊട്ടടുത്തുള്ള ക്യാമ്പിലെ ഒരുകൂട്ടം തൊഴിലാളികൾ ഞാൻ നടന്നു ചെന്നപ്പോൾ ചീട്ട് കളിക്കുകയായിരുന്നു. "സർ, ഞങ്ങളുടെ കൂടെ ചേരൂ. ഇന്ന് ഞായറാഴ്ച ആണ് - അവധി ദിവസം”, 32കാരനായ ഹാമിദ് അൻസാരി പറഞ്ഞു. അദ്ദേഹവും ത്സാർഖണ്ഡിൽ നിന്നാണ്. അത് സൗഹൃദ പ്രിയവും സംസാര പ്രിയവുമായ ഒരു കൂട്ടമായിരുന്നു. അവരിലൊരാൾ സംസാരിച്ചു: "കൊൽക്കത്തയിൽ നിന്നുള്ളയാൾ എന്ന നിലയിൽ കോവിഡ് ഝാർഖണ്ഡിനെ എത്രമോശമായി ബാധിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. നിരവധിപേർ മരിച്ചു, അസംഖ്യം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കഴിഞ്ഞവർഷം കഷ്ടിച്ചാണ് ഞങ്ങൾ കടന്നുകൂടിയത്. അതുകൊണ്ട് ഈ വർഷം [2021] സമയം പാഴാക്കാതെ ഞങ്ങൾ ഇവിടെത്തി.”
"1990-കളുടെ തുടക്കം മുതൽ ഒരു നിർമ്മാണ തൊഴിലാളിയായി ഞാൻ ലഡാക്കിൽ വരുന്നു. പക്ഷെ കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും ഭയാനകം”, ഇതേ ഝാർഖണ്ഡ് സംഘത്തിലെ മറ്റൊരംഗമായ 50-കളിലുള്ള ഘനി മിയ പറഞ്ഞു. ലോക്ക്ഡൗൺ നീക്കം ചെയ്യാൻ തുടങ്ങിയ ഒന്നാം ഘട്ടത്തിൽ 2020 ജൂണിൽ അദ്ദേഹം ഇവിടെത്തിയതാണ്. "എത്തിയ ഉടനെ ഞങ്ങളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കയച്ചു. 15 ദിവസങ്ങൾ അവിടെ ചിലവഴിച്ചശേഷം ഞങ്ങൾക്ക് ജോലിയിൽ ചേരാൻ കഴിഞ്ഞു. പക്ഷെ ആ രണ്ടാഴ്ചകൾ മാനസികമായി ഭീകരമായിരുന്നു.”
ലെഹ് പട്ടണത്തിലേക്ക് തിരിച്ചു വരുന്ന വഴിയിൽ ത്സാർഖണ്ഡിൽ നിന്നുള്ള മറ്റൊരു സംഘത്തെ ഞാൻ കണ്ടു. "ഞങ്ങളിവിടെ പാചകം ചെയ്യാനെത്തിയതാണ്, തൊഴിലാളികളെ സഹായിക്കാൻ”, അവർ പറഞ്ഞു. "ദിവസക്കൂലി എത്രയെന്നുപോലും യഥാർത്ഥത്തിൽ ഞങ്ങൾക്കറിയില്ല. പക്ഷെ അവിടെ [ഗ്രാമത്തിൽ] ഒന്നുംചെയ്യാതെ ഇരിക്കുന്നതിനേക്കാൾ ഇവിടെ ജോലി ചെയ്യുന്നതാണ് നല്ലത്.” അവരിൽപെട്ട ഓരോരുത്തർക്കും ഒരു കാര്യത്തിൽ ആശ്വാസമുണ്ട് – കോവിഡ് വാക്സിനേഷന്റെ ഒന്നാം ഡോസ് എല്ലാവർക്കും ലഭിച്ചു. കുടുംബങ്ങൾ മഹാമാരിയുടെ യഥാർത്ഥ്യങ്ങളുമായി വീട്ടിൽ പൊരുതിയതിനെക്കുറിച്ച് അവർക്കെല്ലാവർക്കും പറയാനുണ്ട് (കാണുക: In Ladakh: a shot in the arm at 11,000 feet ).

ലെഹിലെ പ്രധാന ചന്ത പ്രദേശത്ത് തൊഴിലാളികൾ ഒരു ഹോട്ടൽ പണിതു കൊണ്ടി രിക്കുന്നു. ലഡാക്കിന്റെ ഭരണപരമായ പുതിയ പദവി സ്വകാര്യ നിർമ്മാണ കമ്പനികൾക്ക് പ്രദേശത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ തുറന്നുകൊടുത്തു

ലെഹ് പട്ടണത്തിൽ ഒരു തൊഴിലാളി തന്റെ കഠിനമായ തൊഴിലിൽ നിന്നും താത്കാലിക ഇടവേള എടുക്കുന്നു

ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ അതിർത്തികളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ വളരുന്നതിനാൽ ലഡാക്കിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പുതിയൊരു ആക്കം ലഭിച്ചിരിക്കുന്നു. ഝാർഖണ്ഡ് , ഛത്തീസ്ഗഢ് , ബീഹാർ , എന്നിവിടങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങൾ നിന്നു മു ള്ള നിരവധി തൊഴിലാളികൾ തൊഴിലിനായി ഇവിടേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു

ലഡാക്ക് കടുത്ത ഊഷ്മാവുള്ള സ്ഥലമാണ്. കടുത്ത ചൂടുള്ള വേനൽക്കാലത്തെ ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലെ ഊഷ്മാവും സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ചയും റോഡ് നിർമ്മിക്കുന്ന കൂടുതല്‍ തൊഴിലാളികളെ ആവശ്യപ്പെടുന്നു

ഝാർഖണ്ഡിൽ നിന്നുള്ള ഒരു കൂട്ടം തൊഴിലാളികൾ ഖാർദുംഗ് ലായിലെ തെക്കൻ പുല്ലുവിന് സമീപം ഒരു റോഡ് നിർമ്മിക്കുന്നു

ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒരു ജോലിക്കാരന് പൊളിഞ്ഞ ഒരു റോഡിന്റെ ഉപരിതലം വൃത്തി യാക്കുന്നു

കേടുവന്ന ഒരു റോഡ് റോളർ പുറത്ത് വെറുതെ കിടക്കുന്നു. ബുദ്ധിമുട്ടുകൾ നിറ ഞ്ഞ പ്രദേശമാണിത്. വാഹനങ്ങളും ഉപകരണങ്ങളും എല്ലായ്പ്പോഴും കേടാവുന്നു

" സ്വന്തം ശൃംഖല വിപുലീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനിയിൽ ഞാനിവിടെ ജോലി ചെയ്യുന്നു ”, ഝാർഖണ്ഡിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരൻ പറയുന്നു

വൈദ്യുതിയോ മതിയായ കിടക്കകളോ ഇല്ലാത്ത ഇടുങ്ങിയ താത്കാലിക കൂടാരങ്ങൾ തൊഴിലാളികളുടെ 6 മാസത്തെ കരാർ കാലയളവിൽ അവർക്കുള്ള ‘ വീട് ’ ആയി പ്രവർത്തിക്കുന്നു

ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള നേരം ദുംക ജില്ലയിൽ നിന്നുള്ള ഒരു തൊഴിലാളിയായ അമീൻ മുർമു ഭക്ഷണം കഴിക്കാനായി തുടങ്ങുന്നു. 14 - ഉം 10 - ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അച്ഛനായ ഇദ്ദേഹം മഹാമാരിമൂലം അവരുടെ വിദ്യാഭ്യാസം നിലച്ചതിൽ ദുഃഖിതനായിരുന്നു. നാട്ടിലെ വീട്ടിലുള്ള മക്കൾക്ക് സ്മാർട്ഫോൺ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന് പണമില്ലായിരുന്നു. അതുകൊണ്ട് അവർക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല

തൊഴിലിന്റെ ഇടവേളയിൽ ഒരു തൊഴിലാളി തന്റെ മൊബൈൽ ഫോണിൽ സിനിമ കാണുന്നു

ഖാർദുംഗ് ലായിലെ വടക്കൻ പുല്ലുവിലെ ഒരു കൂടാരത്തിനകത്ത് ഒരു കൂട്ടം തൊഴിലാളികൾ ചീട്ട് കളിക്കുന്നു. അമ്പതുകളിലുള്ള ഘനി മിയ 1990- കളുടെ തുടക്കം മുതൽ ത്സാർഖണ്ഡിലെ ദുംക ജില്ലയിൽ നിന്നും ലഡാക്കിലേക്ക് യാത്രചെയ്യുന്ന ആളാണ്

" ഞങ്ങളുടെ ദിവസ വേതനം എത്രയെന്ന് ഞങ്ങൾക്കറിയില്ല . തൊഴിലാളികൾക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാനാണ് ഞങ്ങളിവിടെ എത്തിയത് ”, ഈ സംഘം പറഞ്ഞു

പൊളിഞ്ഞ ഒരു കൂടാരം താത്കാലിക കക്കൂസായി ഉപയോഗിക്കുന്നു – വെള്ളമോ , വെളളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനമോ ഇല്ലാതെ

ഖാർദുംഗ് ലാ പാസിന് സമീപത്തുള്ള ഒരു ചെറിയ ഭക്ഷണശാലയിൽ ഝാർഖണ്ഡിൽ നിന്നുള്ള കാലിക കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നു. സമുദ്ര നിരപ്പില്‍നിന്നും 17,582 അടി ഉയരത്തിള്ള ഖാര്‍ദുംഗ് ലായിക്കും 10,000 അടി ഉയരത്തിലുള്ള നുബ്രു താഴ്വരയ്ക്കും ഇടയില്‍ ഒരു പാത നിര്‍മ്മിക്കുകയാണ് അവര്‍ . പാതയോരങ്ങളിലുള്ള ഭക്ഷണശാലകളിൽ വിനോദ സഞ്ചാര സമയങ്ങളിൽ നിരവധിപേർ പണിയെടുക്കുന്നു. കൂടുതൽ പണമുണ്ടാക്കാനായി ആഴ്ചയിലെ തങ്ങളുടെ ഒരു ഒഴിവു ദിനത്തിലും ( ഞായർ ) പലരും പണിയെടുക്കുന്നു

8 മുതൽ 10 തൊഴിലാളികളെ വരെ ഉൾക്കൊള്ളുന്ന ചെറിയൊരു മുറിയിലെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും

ഝാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾ നിമ്മോ പ്രദേശത്ത് : " അവിടെ [ ഗ്രാമത്തിൽ ] വെറുതെയിരിക്കുന്നതിനേക്കാൾ നല്ലതാണ് ഇവിടെ ജോലി ചെയ്യുന്നത് ”

ഒരു തണുത്ത ദിവസം ഒരു തൊഴിലാളി ചുമാ ഥാംഗ് പ്രദേശത്ത് ഒറ്റയ്ക്ക് തൊഴിൽ ചെയ്യുന്നു

കിഴക്കൻ ലഡാക്കിലെ ഹൻലെ ഗ്രാമത്തിൽ ഝാർഖണ്ഡിൽ നിന്നുള്ള ഒരുകൂട്ടം കുടിയേറ്റ തൊഴിലാളികൾ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ ശരിയാക്കുന്നു . ഒരു സുരക്ഷ ഉപാധിയും അവർ സ്വീകരിച്ചിട്ടില്ല

ഹൻലെ ഗ്രാമത്തിൽ , വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു സ്കൂട്ടറിൽ , തൊഴിലാളികളുടെ വസ്ത്രങ്ങളും കിടക്കകളും ഉണങ്ങാനിട്ടിരിക്കുന്നു
പരിഭാഷ: റെന്നിമോന്‍ കെ. സി.