ഹാസ്സെൽബ്ലാദ് പുരസ്കാര ജേതാവായ ഫോട്ടോഗ്രാഫർ ദയാനിതാ സിംഗ് പാരിയുമായി സഹകരിച്ചുകൊണ്ട് ദയാനിതാ സിംഗ് – പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡുകൾ സ്ഥാപിച്ചിരിക്കുന്നു

ആദ്യത്തെ ദയാനിതാ സിംഗ്-പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി പുരസ്കാരത്തുകയായ 2 ലക്ഷം രൂപയ്ക്ക്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ എം.പളനി കുമാർ അർഹനായിരിക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫി പുരസ്കാരമായ ഹാസ്സെൽബ്ലാദ് പുരസ്കാരം 2022-ൽ സ്വീകരിച്ച ദയാനിതയ്ക്കാണ് ഇത്തരമൊരു ആശയം മനസ്സിലുദിച്ചത്. സ്വന്തം നിലയ്ക്ക് ഫോട്ടോഗ്രാഫി പഠിച്ച പളനി കുമാറിന്റെ ചിത്രങ്ങളിൽ ദൃശ്യമാകുന്ന ഉദ്ദേശ്യലക്ഷ്യങ്ങളും ഉള്ളടക്കവും താത്പര്യവും തന്നെ വല്ലാതെ ആകർഷിക്കുന്നുവെന്ന് ദയാനിത സ്വയം പ്രഖ്യാപിക്കുകയുണ്ടായി.
അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിനും ഉപജീവനത്തിനും ഊന്നൽ നൽകാനും അവയെ രേഖപ്പെടുത്താനും ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയെ ഉപയോഗിക്കുന്ന പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായ ദയാനിത, ഈ പുരസ്കാരത്തെ, പാരിയുമായി സഹകരണാടിസ്ഥാനത്തിലുള്ള ഒരു സംരംഭമാക്കാൻ തീരുമാനിക്കുകയായിരുന്നു.
പാരിയുടെ ആദ്യത്തെ മുഴുവൻ സമയ ഫോട്ടോഗ്രാഫറാണ് പളനി കുമാർ. (ഇതുവരെയായി ഏകദേശം 600-ഓളം ഫോട്ടോഗ്രാഫർമാർ പാരിക്കുവേണ്ടി ദാതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്). നമ്മൾ ഏറ്റവും കുറച്ച് പരിഗണിക്കുന്ന മനുഷ്യരെക്കുറിച്ചാണ് – ശുചീകരണ തൊഴിലാളികൾ, കടൽപ്പായലുകൾ കൊയ്ത്തുകാർ, കർഷകത്തൊഴിലാളികൾ എന്നുതുടങ്ങി നിരവധിപേർ) പളനി പാരിയിൽ അധികവും ചെയ്തിട്ടുള്ളത്. തൊഴിലിലെ വൈദഗ്ദ്ധ്യവും, അനുതാപത്താൽ നയിക്കപ്പെട്ട സാമൂഹികബോധവും ഇത്രമാത്രം ഒരുമിച്ച് ഒരാളിൽ കാണുക അപൂർവ്വമായിരിക്കും.

തുച്ഛമായ കൂലിക്ക് ദക്ഷിണ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ 25,000 ഏക്കർ ഉപ്പുപാടത്ത് പണിയെടുത്ത് വിയർക്കുന്ന നിരവധി സ്ത്രീകളിൽ ഒരാളാണ് റാണി. തൂത്തുക്കുടി ഉപ്പളത്തിലെ റാണി

കടൽപ്പായലിനുവേണ്ടി എട്ടുവയസ്സുമുതൽ ഊളിയിട്ടുകൊണ്ടിരിക്കുകയാണ് എ. മൂകുപൊരി. തമിഴ്നാട്ടിലെ ഭാരതിനഗറിൽ, ഈ അസാധാരണമായ പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി മുക്കുവസ്ത്രീകളുടെ ഉപജീവനം ഇന്ന്, കാലാവസ്ഥാവ്യതിയാനം മൂലം പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിലെ കടൽപ്പായൽ കൊയ്ത്തുകാർ അശാന്തമായ കടലിൽ

ബക്കിംഗാം കനാലിൽനിന്ന് കൊഞ്ചുകൾ പിടിച്ചെടുത്ത് വായിൽ കടിച്ചുപിടിച്ച കൊട്ടയിലിടുകയാണ് 70 വയസ്സുള്ള ഗോവിന്ദമ്മ. മുറിവുകളും, കണ്ണിന്റെ കാഴ്ചക്കുറവുമൊക്കെയായിട്ടും കുടുംബത്തെ പോറ്റാൻ അവർ ജോലി ചെയ്യുന്നു . ഗോവിന്ദമ്മ: എന്റെ ജീവിതം മുഴുവൻ വെള്ളത്തിൽ കഴിഞ്ഞു

തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ കാവേരീതീരങ്ങളിലെ കോറപ്പുൽപ്പാടങ്ങളിൽ പണിയെടുക്കുന്ന നിരവധി സ്ത്രീകളിലൊരാളാണ് എ. മരിയായി. ഈ കോരപ്പാടങ്ങൾ എന്റെ രണ്ടാം വീടാണ്

അടുക്കളയിലെ ഒരു സാധാരണ ചേരുവയുണ്ടാക്കാൻ, തിളയ്ക്കുന്ന സൂര്യനുതാഴെ പണിയെടുക്കുന്ന, തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഉപ്പളത്തിലെ ഒരു തൊഴിലാളി. തൂത്തുക്കുടി ഉപ്പളത്തിലെ റാണി

തമിഴ്നാട്ടിലെ ചുരുക്കം കൊമ്പ് വാദ്യക്കാരിൽ ഒരാളാണ് പി.മഹാരജൻ. ആനയുടെ കൊമ്പുപോലുള്ള ഈ സുഷിരവാദ്യം വായിക്കുന്ന കല സംസ്ഥാനത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, നിരവധി കലാകാരന്മാരെ തൊഴിൽരഹിതരും ദരിദ്രരുമാക്കുന്നു. മധുരയിലെ കൊമ്പുവിളികൾ നിലയ്ക്കുമ്പോൾ

കോവിഡ് 19 ലോക്ക്ഡൌൺ കാലത്ത്, ചെന്നൈയിലെ ശുചീകരണത്തൊഴിലാളികൾ, മാസ്ക്കുകളും സുരക്ഷാകരുതലുകളുമില്ലാതെ ദീർഘദൂരം കാൽനടയായി സഞ്ചരിച്ച് നഗരം ശുചിയാക്കി . ശുചീകരണ തൊഴിലാളികളും പ്രത്യുപകാരം ലഭിക്കാത്ത തൊഴിലും

റീത്താ അക്ക എന്ന അംഗവൈകല്യമുള്ള ശുചീകരണത്തൊഴിലാളി, പ്രഭാതങ്ങളിൽ, ചെന്നൈയിലെ കോട്ടൂർപുരം പ്രദേശത്തെ മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കുന്നു. എന്നാൽ സായാഹ്നങ്ങൾ അവർ ചിലവഴിക്കുന്നത്, പൂച്ചകളേയും നായ്ക്കളേയും പരിപാലിച്ചുകൊണ്ടാണ് . റീത്ത അക്കയുടെ ജീവിതം നായകൾക്കുവേണ്ടി (പൂച്ചകൾക്കുവേണ്ടിയും) മാറ്റിവച്ചിരിക്കുന്നു

ഡി. മുത്തുരാജ മകൻ വിശാന്ത് രാജയുടെകൂടെ. ദാരിദ്ര്യവും അനാരോഗ്യവും അംഗവൈകല്യവുമുണ്ടായിട്ടും, മുത്തുരാജയും ഭാര്യ എം.ചിത്രയും ജീവിതത്തെ ധീരതയോടെയും പ്രതീക്ഷയോടെയും നേരിടുന്നു. ചിത്രയും മുത്തുരാജയും: പറയപ്പെടാത്ത ഒരു പ്രണയകഥ

കലയിലൂടെയും, തിയറ്ററിലൂടെയും, പാട്ടുകളിലൂടെയും, തമിഴ്നാട്ടിലെ അസംഖ്യം കുട്ടികളുടെ ജീവിതത്തിലേക്ക് ചിരിയും വെളിച്ചവും കൊണ്ടുവന്നു, ആർ. എഴിലരശൻ എന്ന കലാകാരൻ. എഴിൽ അണ്ണ, അദ്ദേഹം എന്നെ മണ്ണിൽനിന്ന് സൃഷ്ടിച്ചു

പളനിയുടെ അമ്മ, തിരുമായി, സന്തോഷത്തിന്റെ ഒരപൂർവ്വനിമിഷത്തിൽ. എന്റെ അമ്മയുടെ ജീവിതവും വഴിവിളക്കിന്റെ ഓർമ്മയും
പരിഭാഷ: രാജീവ് ചേലനാട്ട്