'കാലേ കാനൂൻ കോ വാപസ് ലോ, വാപസ് ലോ, വാപസ് ലോ,’ [കരി നിയമങ്ങൾ എടുത്തു മാറ്റുക, എടുത്തു മാറ്റുക, എടുത്തു മാറ്റുക]. റിപ്പബ്ലിക് ദിനത്തിനു മുമ്പുള്ള വയ്കുന്നേരം തെക്കൻ മുംബൈയിലുള്ള ആസാദ് മൈതാനത്ത് ഈ മുദ്രാവാക്യങ്ങൾ മാറ്റൊലി കൊണ്ടു.
സംയുക്ത ശേത്കരി കാംഗാർ മോർച്ച മൈതാനത്തു സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പതിനായിരക്കണക്കിനു സമരക്കാരാണു പങ്കെടുത്തത്. ഡൽഹി അതിർത്തിയിലെ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ളവരാണ് നാശികിൽ നിന്നും 180 കിലോമീറ്ററോളം ജാഥ നയിച്ച് ഇവിടെ എത്തിയത്.
രണ്ടു മാസത്തിലധികമായി ലക്ഷക്കണക്കിനു കർഷകരാണ്, പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും, ഡൽഹിയുടെ കവാടങ്ങളിലുള്ള വിവിധ സ്ഥലങ്ങളിൽ സമരം ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെയാണ് അവർ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങൾ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
ജനുവരി 24 -25 തീയതികളിൽ രണ്ടു ദിവസങ്ങളിലായി ആസാദ് മൈതാനത്തു നടന്ന സമര സമാഗമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നവ.

ജനുവരി 24-ന് രാവിലെ ഒരു കൂട്ടം കർഷകർ ജാഥ നടത്തുന്നു. ക്ഷീണിതരാക്കുന്ന യാത്രയ്ക്കു ശേഷം നേരത്തേ എത്തിയവർ വിശ്രമിക്കുന്നു.

ഔറംഗാബാദ് ജില്ലയിലെ കന്നാട് ബ്ലോക്കിലെ ചിംനാപൂർ ഗ്രാമത്തിൽ നിന്നുള്ള ഭിൽ ആദിവാസി വിഭാഗത്തിൽപ്പെടുന്ന കർഷകരായ അരുണാബായ് സോനവണെയും (ഇടത്) ശശികല ഗയിക്വാടും. 2006-ലെ വനാവകാശ നിയമപ്രകാരം പട്ടയം നല്‍കണമെന്നും മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതിനാണ് അവർ ഇവിടെ എത്തിയിട്ടുള്ളത്. "ഞങ്ങൾ കൂടുതൽ പേർ വരികയാണെങ്കിൽ [സമരത്തിന്] കൂടുതൽ സമ്മർദ്ദമുണ്ടാവും. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്”, അരുണാബായ് പറഞ്ഞു.

'കാലേ കാനൂൻ കോ വാപസ് ലോ, വാപസ് ലോ, വാപസ് ലോ,’ [കരി നിയമങ്ങൾ എടുത്തു മാറ്റുക, എടുത്തു മാറ്റുക, എടുത്തു മാറ്റുക] എന്ന മുദ്രാവാക്യങ്ങൾ മൈതാനത്ത് മാറ്റൊലി കൊണ്ടു.

മഹാരാഷ്ട്രയിലെ നാന്ദേട്, നന്ദുർബാർ, നാശിക്, പാൽഘർ ജില്ലകളിൽ നിന്നുള്ള കർഷകർ നാശിക് പട്ടണത്തിൽ നിന്നും തങ്ങൾ എത്തിയ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ആസാദ് മൈതാനത്തേക്കു ജാഥ നടത്തുന്നു.

നാശിക് ജില്ലയിലെ ചന്ദ്വട് തഹ്സീലിലെ ധോടംബെ ഗ്രാമത്തിൽ നിന്നുള്ള 70-കാരിയായ മഥുരാബായ് സമ്പത്ഗോഢേയും (ഇടത്) 65-കാരിയായ ദാംഗുബായ് ശങ്കർ അംബേദ്കറും മുംബൈയിലെ താപനില താഴ്ന്ന ഒരു തണുത്ത വയ്കുന്നേരം രാത്രിയിലെ തണുപ്പിൽ നിന്നും രക്ഷനേടാനുള്ള തയ്യാറെടുപ്പിൽ.

തണുപ്പു നേരിടുന്ന 10 വയസ്സുകാരിയായ അനുഷ്ക ഹഡ്കെ (നീല ഷാൾ). പാൽഘർ ജില്ലയിലെ ഖാരിവലി തര്‍ഫ കോഹോജ് ഗ്രാമത്തിൽ നിന്നും 40-കളുടെ അവസാനമെത്തി നിൽക്കുന്ന മുത്തശ്ശി മനീഷാ ധാൻവാ (ഓറഞ്ച് ഷാൾ) യ്ക്കൊപ്പമാണ് അവൾ ഇവിടെ വന്നത്. അനുഷ്കയുടെ ഭർതൃരഹിത മാതാവ് (മഞ്ഞ സാരി) അസ്മിത കർഷക തൊഴിലാളിയാണ്. "ഞങ്ങൾക്ക് ഒരു ഭൂമിയുമില്ല. എല്ലാദിവസവും ഞങ്ങൾ പണിയെടുക്കുക മാത്രം ചെയ്യുന്നു”, മനീഷ പറഞ്ഞു.

പാൽഘർ ജില്ലയിൽ നിന്നുള്ള കർഷകർ അരിപ്പൊടി കൊണ്ടുണ്ടാക്കിയ ഭാകരി (അപ്പം പോലെ വട്ടത്തില്‍ ഉണ്ടാക്കുന്ന ഒരു ഭക്ഷണം) കൊണ്ടുവന്നിട്ടുണ്ട്.

ജനുവരി 24-ന് നീണ്ട പകലിനുശേഷം കുറച്ചുപേർ ഉറങ്ങിയപ്പോൾ നിരവധി പേർ രാത്രി വൈകിയും ഉത്സാഹത്തോടെ മുദ്രാവാക്യങ്ങൾ മുഴക്കുന്നു.

നാശിക് ജില്ലയിലെ ദിണ്ടോരി താലൂക്കിലെ സംഗംമ്നർ ഗ്രാമത്തിൽ നിന്നുള്ള ഒരുകൂട്ടം കർഷകർ വേദിയിലെ പരിപാടികൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു.

നാശിക് ജില്ലയിലെ, ഗംഗാമഹാലുൻഗി ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്മൺ ഫൂലാ പസാദെ പരിപാടികൾ അവതരിപ്പിക്കുന്നവരോടൊപ്പം ചേർന്നു നൃത്തം വയ്ക്കാൻ തുടങ്ങുന്നു.

ജനുവരി 25-ന് ഉച്ചകഴിഞ്ഞ്, ഗവർണ്ണറുടെ തെക്കൻ മുംബൈയിലുള്ള വസതിയായ രാജ്ഭവനിലേക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ജാഥ നീങ്ങാൻ തുടങ്ങുന്നതിനു മുൻപ് കർഷകർ പ്രസംഗങ്ങൾ ശ്രവിക്കുന്നു.

ജനുവരി 25-ന് ഉച്ചകഴിഞ്ഞ്, ഗവർണ്ണറുടെ തെക്കൻ മുംബൈയിലുള്ള വസതിയായ രാജ്ഭവനിലേക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ജാഥ ആസാദ് മൈതാനത്തു നിന്നു നീങ്ങുമ്പോൾ. (നഗരാധികൃതർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ജാഥ പിന്നീട് റദ്ദാക്കപ്പെട്ടു.)

ജനുവരി 26-ന് ഉച്ചകഴിഞ്ഞ്, ഗവർണ്ണറുടെ തെക്കൻ മുംബൈയിലുള്ള വസതിയായ രാജ്ഭവനിലേക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ജാഥ ആസാദ് മൈതാനത്തു നിന്നു നീങ്ങുമ്പോൾ. (നഗരാധികൃതർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ജാഥ പിന്നീട് റദ്ദാക്കപ്പെട്ടു.)

ജനുവരി 25-ന് വയ്കുന്നേരം ഏകദേശം 4 മണിയോടുകൂടി, ഗവർണ്ണറുടെ തെക്കൻ മുംബൈയിലുള്ള വസതിയായ രാജ്ഭവനിലേക്ക് ജാഥ നടത്തുന്നതിന് കർഷകർ ഒരുമിച്ചു ചേർന്നു. പക്ഷേ അനുമതി നിഷേധിച്ചതിനെത്തുടർന്ന് 500 മീറ്റർ നടന്ന ശേഷം അവർ മൈതാനത്തേക്കു തിരിച്ചു പോകുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.