വേനൽക്കാല മാസങ്ങളിൽ ലഡാക്കിലെ സുരു താഴ്വരയിൽ ഗ്രാമങ്ങൾ സജീവമാവും. മഞ്ഞണിഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട, അരുവികളൊഴുകുന്ന പച്ചപുതച്ച പാടങ്ങളിൽ കാട്ടുപൂക്കൾ സമൃദ്ധമായി വിടർന്നുനിൽക്കും. പകൽസമയത്തെ ആകാശത്തിന് ഭംഗിയുള്ള നീലനിറമായിരിക്കും. രാത്രിയിലെ ആകാശത്തിൽ നിങ്ങൾക്ക് ക്ഷീരപഥം കാണാൻ കഴിയും.
കാർഗിൽ ജില്ലയിലെ ഈ താഴ്വരയിലെ കുട്ടികൾ, പ്രകൃതിയുമായി ഊഷ്മളമായ ഒരു ബന്ധം പുലർത്തുന്നു. 2021-ൽ ഈ ചിത്രങ്ങളെടുത്ത തായ് സുരു ഗ്രാമത്തിൽ, പെൺകുട്ടികൾ പാറപ്പുറങ്ങളിൽ കയറി വേനൽക്കാലത്ത് പൂക്കളും ശിശിരത്തിൽ മഞ്ഞും ശേഖരിക്കും. കാട്ടരുവികളിൽ ചാടിത്തിമർക്കും. ബാർളിപ്പാടങ്ങളിലുള്ള കളികൾ വേനൽക്കാലത്തെ അവരുടെ ഒരു ഇഷ്ടവിനോദമാണ്
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ മറ്റൊരു ജില്ലയായ ലേ എന്ന ജനപ്രിയ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് വളരെ അകലെയാണ് കാർഗിൽ.
കാർഗിൽ കശ്മീർ താഴ്വരയിലാണെന്ന് മറ്റിടങ്ങളിലെ പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും, അതങ്ങിനെയല്ല. സുന്നി മുസൽമാന്മാർക്ക് മുൻതൂക്കമുള്ള കശ്മീരിൽനിന്ന് വ്യത്യസ്തമായി, കാർഗിലിലെ ജനങ്ങളിൽ ഭൂരിഭാഗവും ഷിയ ഇസ്ലാം വിഭാഗത്തിൽപ്പെടുന്നവരാണ്.
കാർഗിൽ പട്ടണത്തിൽനിന്ന് 70 കിലോമീറ്റർ തെക്കുള്ള തായ് സുരുവിനെ സുരു താഴ്വരയിലുള്ള ഷിയ മുസ്ലിങ്ങൾ സുപ്രധാനമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമായിട്ടാണ് കാണുന്നത്. അവിടെയുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം, പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈനുവേണ്ടി തീവ്രദു:ഖമാചരിക്കുന്ന ഒരു കാലമാണ് ഇസ്ലാമിക പുതുവർഷമായ മുഹറം. ക്രിസ്തുവർഷം 680 ഒക്ടോബർ 10-ന് ഇന്നത്തെ ഇറാഖിൽപ്പെടുന്ന കർബാലയിൽവെച്ച് നടന്ന യുദ്ധത്തിൽ, 72 അനുയായികളോടൊപ്പം ഇമാം ഹുസൈൻ വീരചരമം പ്രാപിച്ചു.
മുഹറം മാസത്തിൽ, അന്നത്തെ ആ ജീവത്യാഗത്തെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഭാഗഭാക്കാവുന്നു. ജുലൂസെന്നും ദസ്തയെന്നും വിളിക്കപ്പെടുന്ന ഘോഷയാത്രകൾ പല ദിവസങ്ങളിലും നടക്കുന്നു. ഇവയിലധികം നടക്കുന്നത് അഷുറ ദിവസത്തിലാണ്. മുഹറത്തിലെ പത്താമത്തെ ദിവസം. ആ ദിവസമാണ് ഹുസൈനും അദ്ദേഹത്തിന്റെ അനുചരന്മാരും കർബാലയിൽവെച്ച് കൊല്ലപ്പെട്ടത്. ചില പുരുഷന്മാർ ആത്മപീഡനം ആചരിക്കുന്നു. (ഉറുമികളും ചങ്ങലകളും വെച്ച് സ്വന്തം പുറത്ത് ആഞ്ഞടിക്കുന്ന ചടങ്ങ്). ക്വാമ സാനി എന്നാണ് അതിനെ വിളിക്കുന്നത്. എല്ലാ ആളുകളും സ്വന്തം നെഞ്ചിൽ കൈകൾകൊണ്ട് അടിക്കുകയും ചെയ്യും. സീനാ സാനി എന്ന് വിളിക്കുന്ന ആചാരം.

കാർഗിലിൽനിന്ന് 70 കിലോമീറ്റർ തെക്കുള്ള സുരു താഴ്വരയിലെ തായ് സുരു എന്ന ഗ്രാമത്തിൽ ഏകദേശം 600 ആളുകൾ താമസിക്കുന്നു. കാർഗിൽ ജില്ലയുടെ തായ്ഫ്സുരു തെഹിസിലിന്റെ ആസ്ഥാനമാണത്
അഷുറയുടെ തൊട്ട് തലേന്ന് രാത്രി സ്ത്രീകൾ മസ്ജിദിൽനിന്ന് ഇമാംബ്രയിലേക്ക് (സമ്മേളന ഹാൾ) മർസിയയും നോഹയും ചൊല്ലി (വിലാപവും അപദാനങ്ങളും) പുറപ്പെടുന്നു. (ഈ വർഷം അഷുറ വരുന്നത് ഓഗസ്റ്റ് 8-9 ദിവസങ്ങളിലായിട്ടാണ്).
ഹുസൈനിന്റേയും മറ്റുള്ളവരുടേയും ചെറുത്തുനിൽപ്പും ജീവത്യാഗവും സ്മരിക്കാൻ, മുഹറത്തിലെ എല്ലാ ദിവസവും രണ്ടുതവണ, എല്ലാവരും ഇമാംബ്രയിൽ മജ്ലിസ് (മതപരമായ ഒത്തുചേരൽ) നടത്തുന്നു. ഹാളിന്റെ ഒരു ഭാഗത്ത് പുരുഷന്മാരും കുട്ടികളും മറ്റൊരു ഭാഗത്ത് സ്ത്രീകളും വേർതിരിഞ്ഞിരുന്ന് കർബാല യുദ്ധത്തിനെക്കുറിച്ചും മറ്റും ആഘ (പുരോഹിതൻ) നടത്തുന്ന പ്രഭാഷണം ശ്രവിക്കുന്നു.
എന്നാൽ ഹാളിന് മുകളിലുള്ള നിലയിൽ, അഴികൾകൊണ്ട് അടച്ച ബാൽക്കണിയിൽ പെൺകുട്ടികൾ ഇരിക്കും. അവിടെയിരുന്നാൽ താഴെ നടക്കുന്നത് അവർക്ക് കാണാൻ കഴിയും.. പിഞ്ച്ര, അഥവാ, കൂട് എന്നാണ് ആ സ്ഥലത്തെ വിളിക്കുക. ആ പേർ കേൾക്കുമ്പോൾ, അടച്ചുപൂട്ടിയ, ശ്വാസംമുട്ടുന്ന ഒരു സ്ഥലമായിരിക്കും ഓർമ്മവരിക. എന്നാൽ, ആ സ്ഥലം, പെൺകുട്ടികൾക്ക് കളിക്കാനും സ്വാതന്ത്ര്യത്തോടെ കഴിയാനുമുള്ള സ്ഥലമാണ്.
ഇമാംബ്രയിലെ ദു:ഖാന്തരീക്ഷം കടുക്കുമ്പോൾ, പെട്ടെന്ന് ആ പെൺകുട്ടികൾക്കിടയിൽ ഒരു മാറ്റം പ്രകടമാവുകയും, അവർ തല താഴ്ത്തി കരയാൻ ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ അത് അധികം നീണ്ടുപോവില്ല.
ദു:ഖാചരണത്തിന്റെ മാസമാണ് മുഹറമെങ്കിലും, കുട്ടികളുടെ ലോകത്ത്, അത് കൂട്ടുകാരെ കാണാനും അവരോടൊത്ത് മണിക്കൂറുകൾ ചിലവഴിക്കാനുമുള്ള ഒരവസരമാണ്. രാത്രി വൈകുംവരെ ചിലപ്പോൾ അത് നീണ്ടുപോവും. ആൺകുട്ടികൾ ആത്മപീഡനത്തിലേർപ്പെടാറുണ്ടെങ്കിലും, പെൺകുട്ടികൾക്ക് അത് നിഷിദ്ധമാണ്. മറ്റുള്ളവർ ചെയ്യുന്നതിന് സാക്ഷികളാവുകയാണ് അവരുടെ നിയോഗം.
മുഹറത്തിനെക്കുറിച്ചുള്ള വിവരണങ്ങളധികവും പുരുഷന്മാരുടെ ആത്മപീഡനത്തെയും രക്തച്ചൊരിച്ചിലിനെയും കേന്ദ്രീകരിച്ചുള്ളതാണ്. പക്ഷേ, മറ്റൊരു രീതിയിലും ദു:ഖം ആചരിക്കപ്പെടുന്നു. സ്ത്രീകളുടേതായ രീതിയിൽ - മൌനമായും ദു:ഖഭരിതമായും.

ബാർളിപ്പാടങ്ങളിൽ കളിക്കുന്ന ജന്നത്ത്. തായ് സുരുവിലെ കുട്ടികളുടെ വേനൽക്കാല വിനോദങ്ങളിലൊന്നാണ് ഇത്

വേനൽക്കാലത്ത് പാടങ്ങളിൽ വളരുന്ന കാട്ടുപൂക്കളുടെ മെത്തയിലിരിക്കുന്ന ജന്നത്തും (ഇടത്ത്) ആർച്ചോ ഫാത്തിമയും

പ്രഭാതങ്ങളിൽ സ്കൂളിലും, വൈകുന്നേരങ്ങളിൽ കളിയിലും വീട്ടുപണിയിലും ചിലവഴിക്കുന്നു. വാരാന്ത്യ അവധിദിനങ്ങളിൽ ചിലപ്പോൾ വിനോദയാത്രയുമുണ്ടാവും. വിനോദയാത്രയ്ക്കിടയിൽ ഒരു അരുവിയിൽ കളിക്കുന്ന 11 വയസ്സുള്ള മൊഹദിസ്സ

ലഡാക്കിലെ സുരു താഴ്വരയിലെ തായ് സുരുവിലെ ഒരു പാറപ്പുറത്ത് കയറുന്ന രണ്ട് പെൺകുട്ടികൾ. താഴ്വരയിലെ കുട്ടികൾ പ്രകൃതിയുമായി ഒരാത്മബന്ധം സൂക്ഷിക്കുന്നു

2021 ഓഗസ്റ്റിലെ മുഹറത്തിന് ഇമാംബ്രയിലേക്ക് പോവുന്നതിന് മുൻപ്, ഹാജിറയുടെ വീട്ടിലിരുന്ന് ഒരുമിച്ച് പഠിക്കുന്ന 10-ഉം 11-ഉം വയസ്സുള്ള ഹാജിറയും സാഹ്ര ബത്തുലും

2021 ഓഗസ്റ്റ് 16-ന് ഗ്രാമത്തിലെ സമ്മേളനഹാളിലെ ആൾക്കൂട്ടത്തിൽ, സീന സാനി ആചരിക്കുന്ന പുരുഷന്മാർ. പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള സ്ഥലം കറുത്ത തുണികൊണ്ട് വേർതിരിച്ചിരിക്കുന്നു

മുകൾനിലയിലെ അഴിയിട്ട ബാൽക്കണിയായ പിഞ്ച്രയിൽനിന്ന് താഴത്തെ ഹാളിലേക്ക് എത്തിനോക്കുന്ന പെൺകുട്ടികൾ. ഹാളിൽ നടക്കുന്ന അനുഷ്ഠാനങ്ങളിൽനിന്ന് മാറി, സ്വാതന്ത്ര്യത്തോടെ കഴിയാനും കളിക്കാനുമുള്ള സ്ഥലമാണ് അവർക്കത്

2021 ഓഗസ്റ്റിലെ ഒരു മുഹറം രാത്രിയിലെ കൂട്ടായ്മയിൽ, സമയം ചിലവഴിക്കുന്ന സുഹൃത്തുക്കൾ

കൂട്ടുകാരികൾ ഒരുമിച്ച് നിന്ന് ബബിൾഗം വീർപ്പിക്കുന്നു

വീഡിയോ കളികളിൽ മുഴുകിയിരിക്കുന്ന 12-ഉം 10-ഉം വയസ്സുള്ള കുട്ടികൾ . മറ്റ് നാടുകളിലെ കുട്ടികളെപ്പോലെ, തായ് സുരുവിലെ കുട്ടികളും ടിവിയിലും സാമൂഹികമാധ്യമത്തിലും മുഴുകിയിരിപ്പാണ്. ഗ്രാമത്തിലെ ചില സ്ഥലങ്ങളിൽ മാത്രമേ ഇന്റർനെറ്റ് പ്രവർത്തിക്കുന്നുള്ളൂവെങ്കിലും

ഇമാംബ്രയുടെ മതിലിൽ കയറുന്നു; ആരെങ്കിലും കണ്ടാൽ ചീത്ത കേൾക്കും

ഇമാംബ്രയുടെ പുറത്ത്, മുതിർന്നവരുടെ കണ്ണുവെട്ടിച്ച് കളിക്കുമ്പോൾ വിജയചിഹ്നം കാണിക്കുന്ന ഒരു കുട്ടി

അഷുറയിലെ രാത്രി, പുരുഷന്മാരിൽനിന്ന് വേറിട്ട് ഘോഷയാത്ര നടത്തുന്ന സ്ത്രീകൾ നോഹ ആലപിക്കുന്നത് നോക്കിനിൽക്കുന്ന പെൺകുട്ടികൾ

2021 ഓഗസ്റ്റ് 19-ലെ അഷുറ ദിവസം, പ്രാന്തി ഗ്രാമത്തിൽനിന്ന് തായ് സുരുവിലേക്ക് ഘോഷയാത്ര പോകുന്ന സ്ത്രീകൾ

2021 ഓഗസ്റ്റിലെ അഷുറ ദിനത്തിന്റെയന്ന് നടന്ന പുരുഷന്മാരുടെ ജുലൂസ് (ഘോഷയാത്ര)

പെൺകുട്ടികൾ പുരുഷന്മാരുടെ ഘോഷയാത്രയോടൊപ്പം എത്താൻ ശ്രമിക്കുന്നു

അഷുറയുടെ ദിവസം, തായ് സുരുവിലെ ഒരുകൂട്ടം പെൺകുട്ടികൾ മാർസിയ (വിലാപം) ആലപിക്കുകയും സീന സാനി (നെഞ്ചിലടിക്കൽ) അനുഷ്ഠിക്കുകയും ചെയ്യുന്നു

ഇമാം ഹുസൈന്റെ സഹോദരി സൈനബ കർബാലയിലേക്ക് പല്ലക്കിൽ വന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട്, ഗ്രാമത്തിലെ തുറസ്സായ ഒരു സ്ഥലത്തേക്ക് ഒരു പല്ലക്ക് കൊണ്ടുവരുന്നതോടെയാണ് അഷുറ സമാപിക്കുക. ഉമയദ് സാമ്രാജ്യത്തിലെ ഖലീഫയായ യാസിദിന്റെ ഭരണത്തെ ചെറുക്കുന്നതിനിടയിൽ ഹുസൈനും അനുയായികളും മരിച്ചുവീണ പടക്കളത്തിന്റെ (ഖത്ത് അൽ ഗാഹ്) പ്രതീകമാണ് ആ തുറസ്സായ സ്ഥലം

ഖത്ത് അൽ ഗഹിൽ കളിക്കുന്ന പെൺകുട്ടികൾ

അഷുറ ദിവസം ഖത്ത് എ ഗാഹിൽ കർബാല യുദ്ധം പുനരാവിഷ്കരിക്കാൻ ഗ്രാമക്കാർ ഒന്നടങ്കം ഒത്തുകൂടുന്നു

2021 ഓഗസ്റ്റിലെ ആഷുറ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം തായ് സുരുവിൽ നടന്ന ഒരു ഘോഷയാത്ര

അഷുറ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം ഇമാം ഹുസൈന്റെ ശവമഞ്ചത്തിന്റെ പ്രതിരൂപം (തബൂത് എന്ന് വിളിക്കുന്നു) ഗ്രാമത്തിലൂടെ വഹിച്ചുകൊണ്ട് പോവുമ്പോൾ, വിലപിക്കുന്ന തായ് സുരുവിലെ സ്ത്രീകൾ

2021 സെപ്റ്റംബറിലെ ഘോഷയാത്രയ്ക്കുശേഷം തായ് സുരുവിലെ സമുദായം ഒരുമിച്ച് പ്രാർത്ഥിക്കുന്നു. മുഹറത്തിനുശേഷം വരുന്ന സഫർ മാസംവരെ, കർബാലയിലെ രക്തസാക്ഷികൾക്കായുള്ള ദു:ഖാചരണം തുടരുന്നു
പരിഭാഷ : രാജീവ് ചേലനാട്ട്